Saturday, July 21, 2012

മഴമുത്തുകള്‍......


ജനല്‍ കമ്പികള്‍ക്കിടയിലൂടെ ചുവന്ന വളകളണിഞ്ഞ അവളുടെ കൈകള്‍ മഴത്തുള്ളികളില്‍ വീണ മീട്ടി.

ഫെബ്രുവരി 14.
 നനുത്ത  ഒരു മഴയിലാണ് അന്നാദ്യമായ് കാണുന്നത്. കോളേജിന്റെ മഴവഴിയില്‍  എവിടെ നിന്നോ എന്റെ കുടയിലെക്കോടി വന്നപ്പോള്‍, മഴയെ പുണരാന്‍ കൊതിക്കുംപോലെ ആ വിറച്ച ശരീരം പുണരാനാണ് തോന്നിയത്. അന്ന് കുളിരിന്റെ മഴപ്പാച്ചിലുകള്‍ നിശ്വസങ്ങളുടെ ചെറു ചൂടില്‍ ലയിച്ചു. ഒന്നും മിണ്ടുവാനാവാതെ പരസ്പരം നോക്കി കുടയില്‍ ചേര്‍ന്ന് നടക്കാനേ കഴിഞ്ഞുള്ളൂ. എവിടെയോ ഒരു മാസ്മരിക പരിചിത ഭാവം അറിയുന്നുണ്ടായിരുന്നു. പെട്ടെന്നു പിണങ്ങിപ്പോകുന്ന മഴയെപോലെ എവിടേക്കോ മറഞ്ഞപ്പോള്‍ മഴയോടും ദേഷ്യമാണ് തോന്നിയത്.. ഇടനാഴിയിലൊക്കെ  തിരഞ്ഞെങ്കിലും നിരാശയായിരുന്നു ഫലം.


അവളുടെ മടിയില്‍ കിടന്നു  അവന്‍ ആ ഡയറി വായിച്ചു നിര്‍ത്തിയപ്പോള്‍  അവള്‍ മഴത്തുള്ളികള്‍ കള്ളച്ചിരിയോടെ  അവന്റെ മുഖത്തേക്ക് തെറിപ്പിച്ചു.

അന്ന് നീയെന്റെ കുടയില്‍നിന്നു പോയപ്പോള്‍... ഒരു നിമിഷം തോര്‍ന്ന മഴയെ ഞാനും വെറുത്തു... കൂട്ടുകാരുടെ ഇടയില്‍ നിന്ന് രക്ഷപെട്ടു ഞാന്‍ നിന്നെ അവിടെല്ലാം തിരക്കി നടന്നു. പിന്നീടെല്ലാ ദിവസവും നിന്റെ ആശ്ചര്യ മുഖം തേടിയലഞ്ഞു. മഴ എന്നെ പുണരുന്ന ഒരു പുലരിയിലാണ് നീ പിന്നെയും എന്റെ മിഴികളില്‍ പൂവിതരിയത്.ഇപ്പോല്ഴും എല്ലാം സ്വപനം പോലെ തോന്നുന്നു. 

അവന്‍ പറഞ്ഞു കൊണ്ട് അവളുടെ കവിളുകളില്‍ തലോടി..
   
തൂവനതുംബിയെ പ്രണയിച്ച ക്ലാരയെപ്പോലെ, മാന്മിഴി   കണ്ണുകളുള്ള സുന്ദരീയെ എനിക്ക് സമ്മാനിച്ച മഴയെ ഞാനും പ്രണയിക്കുന്നു....മഴയെ ആഘോഷിച്ച ജയകൃഷ്ണനെപ്പോലെ...
   
മഴത്തുള്ളികള്‍ പൊഴിയുന്ന ഒരു പുഞ്ചിരിയില്‍, അവളുടെ ചുണ്ടുകള്‍ അവന്റെ കവിളിലെ കുളിരിനെ തൊട്ടെടുത്തു. പിന്നീടവള്‍ ഒരു  പൂച്ചകുഞ്ഞിനെപ്പോലെ  അവന്റെ ചൂടിലേക്ക്  ലയിച്ചു...

പുറത്തു അപ്പോഴും മഴ ചെറു  നാണത്തിന്റെ മഴമുത്തുകള്‍ പൊഴിച്ചു കൊണ്ടിരുന്നു...